വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 3, ശനിയാഴ്‌ച

`ദൈവത്തിന്റെ കൈ'ക്കും പിഴ


ഡിയേഗൊ മറഡോണ ദൈവത്തിന്റെ കൈ കൊണ്ട്‌ ഗോളടിച്ചുവെങ്കില്‍ ഉറുഗ്വായ്‌ക്കാരന്‍ ലൂയിസ്‌ സോറസ്‌ കൈ കൊണ്ട്‌ ഗോള്‍ തടയുകയായിരുന്നു. അതിനു സ്‌ട്രൈക്കര്‍ കനത്ത വില നല്‍കേണ്ടിവരും. ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്നു ഗോളടിച്ച സോറസിന്‌ ഉറുഗ്വായ്‌ ഫൈനലിലെത്തിയാലും കളിക്കാന്‍ കഴിയണമെന്നില്ല. `എനിക്കറിയാം ഇത്‌ എന്റെ ലോകകപ്പിന്റെ അന്ത്യമാണെന്ന്‌. പക്ഷെ മറ്റൊരു വഴിയില്ലായിരുന്നു. അതിന്റെ പേരില്‍ മനഃസാക്ഷിക്കുത്തുമില്ല. ഇനി എന്റേതാണ്‌ യഥാര്‍ഥ ദൈവത്തിന്റെ കൈ' -സോറസ്‌ പറഞ്ഞു. ചുവപ്പ്‌ കാര്‍ഡ്‌ കിട്ടിയാല്‍ സാധാരണഗതിയില്‍ ഒരു കളിയിലാണ്‌ സസ്‌പെന്‍ഷന്‍. എന്നാല്‍ ഫിഫ ടെക്‌നിക്കല്‍ കമ്മിറ്റിക്ക്‌ വിലക്ക്‌ നീട്ടാം. സോറസിന്‌ ഒന്നിലധികം കളികളില്‍ വിലക്കു കിട്ടുമെന്ന്‌ ഉറപ്പാണ്‌. എങ്കില്‍ സെമിക്കു പുറമെ ഫൈനലോ ലൂസേഴ്‌സ്‌ ഫൈനലോ സ്‌ട്രൈക്കര്‍ക്കു കളിക്കാനാവില്ല. ഡിയേഗൊ ഫോര്‍ലാന്‍- സോറസ്‌ കൂട്ടുകെട്ടാണ്‌ ഉറുഗ്വായ്‌ ആക്രമണത്തിന്റെ കരുത്ത്‌. സോറസിന്റെത്‌ വഞ്ചനയാണെന്ന വാദം ഉറുഗ്വായ്‌ കോച്ച്‌ ഓസ്‌കാര്‍ തബാരിസ്‌ തള്ളിക്കളഞ്ഞു. ആ സന്ദര്‍ഭത്തില്‍ ആരും ചെയ്‌തു പോവുന്ന തെറ്റാണ്‌ അത്‌. അതിന്‌ സോറസിന്‌ ശിക്ഷ കിട്ടി -കോച്ച്‌ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ