വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 4, ഞായറാഴ്‌ച

മലപ്പുറത്ത്‌ വ്യാപക കൂറുമാറ്റം

ലോകകപ്പില്‍ രണ്ടു വന്‍ മരങ്ങള്‍ കടപുഴകിയതോടെ മലപ്പുറത്തിന്റെ ആവേശം തണുത്തുറഞ്ഞു. ബ്രസീല്‍ ആദ്യവും പിറകെ അര്‍ജന്റീനയും വീണതോടെ ഇരുകൂട്ടരുടെയും ആരാധകരില്‍ പലര്‍ക്കും ഇനി കളി കാണാന്‍ താല്‍പര്യമില്ലാത്ത അവസ്ഥ. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളായിരുന്നിവ. ബ്രസീലിന്റെ തോല്‍വിയില്‍ അര്‍ജന്റീന പക്ഷക്കാരും അര്‍ജന്റീനയുടെ തോല്‍വിയില്‍ ബ്രസീല്‍ പക്ഷക്കാരും ആഹ്ലാദിച്ചുവെങ്കിലും യഥാര്‍ഥത്തില്‍ ബ്രസീലും അര്‍ജന്റീനയും പെട്ടെന്നു കളിക്കളം വിട്ടത്‌ ഇരു ടീമിന്റെയും ആരാധകരെ വിഷമിപ്പിച്ചു. പരസ്‌പരം വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായെങ്കിലും എല്ലാം ഫുട്‌ബോളിനു വേണ്ടിയായിരുന്നു. പതിവിനു വിപിരീതമായി ഇത്തവണ ബിഗ്‌ സ്‌ക്രീന്‍ ഉപയോഗിച്ചാണ്‌ ഫുട്‌ബോള്‍ ആരാധകര്‍ കൂടുതലും കളികണ്ടത്‌. കാലുകുത്താന്‍ ഇടമില്ലാത്ത രീതിയിലായിരുന്നു ബിഗ്‌ സ്‌ക്രീന്‍വെച്ച ഹാളുകളില്‍ ജനം. മാസങ്ങള്‍ക്കു മുമ്പേ നിരത്തുകളില്‍ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചും വാഹനങ്ങളില്‍ ടീമിന്റെ നിറം തേച്ചും ജഴ്‌സികള്‍ ധരിച്ചും ഇവര്‍ ലോകകപ്പ്‌ കൊണ്ടാടി. ബ്രസീല്‍-അര്‍ജന്റീന ഫൈനല്‍ കളിക്കുമെന്ന പ്രതീക്ഷ വാനോളം ഉയര്‍ന്നു. എന്നാല്‍ എല്ലാം തകിടം മറിഞ്ഞു. തോല്‍വിയില്‍ കൂട്ടുകാര്‍ കളിയാക്കുമെന്നു കരുതി ചിലര്‍ വീട്ടില്‍ നിന്നു മുങ്ങി. അര്‍ജന്റീനയും ബ്രസീലും തോറ്റതോടെ ഇരു ടീമിലെയും പ്രധാനതാരങ്ങളുടെ കോലം കത്തിക്കലും കുശാലായി. എന്നാല്‍ യഥാര്‍ഥത്തില്‍ അര്‍ജന്റീനക്കും ബ്രസീലിനും ഇപ്പോള്‍ ആരാധകര്‍ ഇല്ലാത്ത അവസ്ഥയാണ്‌. ജര്‍മനിയുടെയും ഹോളണ്ടിന്റെയും ആരാധകരായി കൂറുമാറിയിരിക്കുകയാണ്‌. ജില്ലയില്‍ ജര്‍മനിക്കും ഹോളണ്ടിനും ആരാധകര്‍ കുറവായിരുന്നു. വരും ദിവസങ്ങളില്‍ ഹോളണ്ടിനും ജര്‍മനിക്കുമായിരിക്കും മലപ്പുറത്തിന്റെ ജയ്‌ വിളികള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ