വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 12, തിങ്കളാഴ്‌ച

യുവാക്കളെ രക്ഷിച്ച സ്‌ത്രീകള്‍

തിരുവനന്തപുരം കല്ലമ്പലത്താണ്‌ സംഭവം. മരണം മുന്നില്‍ക്കണ്ട്‌ കുളത്തില്‍ മുങ്ങിത്താണ മൂന്നു യുവാക്കളെ സ്‌ത്രീകള്‍ രക്ഷപ്പെടുത്തി. ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താണ യുവാക്കളെയാണ്‌ അതുവഴി പോയ രണ്ട്‌ സ്‌ത്രീകള്‍ ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞുകൊടുത്ത്‌ രക്ഷപ്പെടുത്തിയത്‌. കഴിഞ്ഞ ദിവസം മണമ്പൂര്‍ കവലയൂര്‍ മഹാദേവര്‍ മഹാവിഷ്‌ണു ക്ഷേത്രക്കുളത്തിലാണ്‌ സംഭവം. കവലയൂര്‍ സ്വദേശികളായ വിപിന്‍രാജ്‌ (21), രഞ്‌ജിത്ത്‌ (22), അജി (30) എന്നിവരെയാണ്‌ കവലയൂര്‍ അകരത്തുംവിളാകം വീട്ടില്‍ ഗീത (40), കവലയൂര്‍ അഭിരാമിയില്‍ മിനി (37) എന്നിവര്‍ ചേര്‍ന്ന്‌ രക്ഷപ്പെടുത്തിയത്‌. വൈകിട്ട്‌ 6.30 ഓടെ ക്രിക്കറ്റ്‌ കളി കഴിഞ്ഞശേഷം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിപിന്‍രാജും രഞ്‌ജിത്തും. നീന്തുന്നതിനിടെ വിപിന്‍രാജ്‌ കുളത്തിലകപ്പെട്ടു. രഞ്‌ജിത്തും വിപിനുമൊപ്പം ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെടുത്താനാകാതെ വന്നപ്പോള്‍ കരയിലെത്തി ഓട്ടോ ഡ്രൈവറായ അജിയെ വിളിച്ചു. തുടര്‍ന്ന്‌ അജിയും രഞ്‌ജിത്തും കൂടി വിപിന്‍രാജിനെ രക്ഷിക്കാനായി ചാടിയെങ്കിലും മൂവരും മുങ്ങിത്താഴ്‌ന്നു. ഇതിനിടെ അതുവഴി പോയ ഒരു കുട്ടി കുളത്തില്‍ യുവാക്കള്‍ കൈകാലിട്ടടിക്കുന്നത്‌ കണ്ട്‌ അവിടെ നിന്ന ഗീത, മിനി എന്നിവരോട്‌ വിവരം പറഞ്ഞു. രക്ഷപ്പെടുത്താന്‍ നാട്ടുകാരുടെ സഹായം തേടി ഇവര്‍ നിലവിളിച്ചെങ്കിലും ആരുമെത്താതായപ്പോള്‍ ഗീതയുടെ സാരിയഴിച്ച്‌ ഒരു ഭാഗം കൈയില്‍പിടിച്ച്‌ മറുവശം യുവാക്കള്‍ക്ക്‌ എറിഞ്ഞുകൊടുത്തു. ഇതില്‍ പിടിച്ചാണ്‌ ഇവര്‍ കരക്കെത്തിയത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ