വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 17, ശനിയാഴ്‌ച

`ദുബായ്‌ രാജകുമാരി' അറസ്റ്റില്‍

ദുബായ്‌ രാജകുമാരി ചമഞ്ഞ്‌ തട്ടിപ്പിനിറങ്ങിയ യുവതിയും മൂന്നു കൂട്ടാളികളും പഞ്ചാബില്‍ അറസ്റ്റില്‍. ഷാര്‍ജയില്‍ മദ്യക്കച്ചവടത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ പാക്കിസ്ഥാനി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട 17 ഇന്ത്യക്കാരിലൊരാളുടെ കുടുംബത്തെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ വ്യാജ രാജകുമാരിയും കൂട്ടാളികളും പിടിയിലായത്‌. പണം നല്‍കുകയാണെങ്കില്‍ ബന്ധുവിന്റെ മോചനത്തിന്‌ സഹായിക്കാമെന്ന്‌ അവകാശപ്പെട്ടാണ്‌ കുടുംബത്തെ ദുബായ്‌ രാജകുമാരി ചമഞ്ഞ്‌ യുവതി സമീപിച്ചതെന്ന്‌ ലുധിയാന പോലീസ്‌ ഡി.ഐ.ജി ഡോ. ജിതേന്ദ്ര ജെയ്‌ന്‍ പറഞ്ഞു. ഫിറോസ്‌പൂര്‍ ജില്ലയിലെ സിറ നഗരത്തിനടുത്ത മാഹിന്‍വാല എന്ന ഗ്രാമത്തിലെ താമസക്കാരി സറബ്‌ജിത്‌ കൗര്‍ ആണ്‌ ദുബായ്‌ രാജകുമാരി ചമഞ്ഞ്‌ തട്ടിപ്പ്‌ നടത്താന്‍ ശ്രമിച്ച്‌ പിടിയിലായത്‌. വധശിക്ഷക്ക്‌ വിധിക്കപ്പെട്ട കുല്‍ദീപ്‌ സിംഗിന്റെ സഹോദരനുമായി ബന്ധപ്പെട്ട സരബ്‌ജിത്‌ കൗറിന്റെ സഹോദരന്‍ ദുബായ്‌ രാജകുമാരി പഞ്ചാബില്‍ സന്ദര്‍ശനം നടത്തിവരുന്നുണ്ടെന്നും കുല്‍ദീപ്‌ സിംഗിന്റെ മോചനത്തിന്‌ അവര്‍ സഹായിക്കുമെന്നും അറിയിച്ചു. മോചനത്തിന്‌ പതിനാല്‌ ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്‌തു. ഈ വിവരങ്ങള്‍ ഇദ്ദേഹം പോലീസിന്‌ കൈമാറി. പോലീസ്‌ സഹായത്തോടെ ഫോണില്‍ സംസാരിച്ച്‌ ആറു ലക്ഷം രൂപക്ക്‌ ധാരണയിലെത്തി. പണം കൈപ്പറ്റുന്നതിനിടെയാണ്‌ കറുത്ത സ്‌കാര്‍ഫ്‌ ധരിച്ച്‌ ശിരസ്സ്‌ മറച്ചെത്തിയ യുവതിയെ പോലീസ്‌ പിടികൂടിയത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പേരേയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ആത്മീയ ഗുരുക്കള്‍ ചമഞ്ഞും വിവാഹത്തട്ടിപ്പുകള്‍ നടത്തിയും സംഘം നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന്‌ ലുധിയാന എസ്‌.പി എച്ച്‌.എസ്‌. ചഹാല്‍ പറഞ്ഞു. യു.എ.ഇയില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട മറ്റൊരു യുവാവിന്റെ കുടുംബവുമായും ബന്ധപ്പെട്ടതായി സരബ്‌ജിത്‌ കൗര്‍ അന്വേഷണോദ്യോഗസ്ഥരോട്‌ പറഞ്ഞു.

1 അഭിപ്രായം: