വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 7, ബുധനാഴ്‌ച

അത്ഭുത ഭരണിയുടെ കെണിയില്‍

ലബോറട്ടറികളില്‍ ഉപയോഗിക്കുന്ന കെമിക്കല്‍ പൂശിയ വലിയ ഗ്ലാസ്‌ ജാറുകള്‍ അത്ഭുത ഭരണിയെന്ന്‌ വിശ്വസിപ്പിച്ച്‌ തട്ടിപ്പ്‌. വീട്ടില്‍ ഐശ്വര്യവും നിധിയും ലഭിക്കുമെന്ന്‌ പറഞ്ഞാണ്‌ ഗ്ലാസ്‌ ജാറുകള്‍ നല്‍കുന്നത്‌. തൃശൂര്‍ ചുണ്ടല്‍ സ്വദേശി റഹീമില്‍നിന്ന്‌ 10 ലക്ഷം തട്ടിയ ഗുരുവായൂര്‍ സ്വദേശി മണിയന്‍ എന്ന ജയപ്രകാശ്‌, ചൊവ്വന്നൂര്‍ സ്വദേശി മോഹനന്‍ എന്നിവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. അത്ഭുത സിദ്ധിയുള്ള ഭരണകള്‍ വാങ്ങിവെച്ചാല്‍ വീട്ടില്‍ ഐശ്വര്യവും നിധിയും ലഭിക്കുമെന്ന്‌ പറഞ്ഞാണിവര്‍ ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നത്‌. ലബോറട്ടറികളില്‍ ഉപയോഗിക്കുന്ന ഗ്ലാസ്‌ ജാറുകളില്‍ വെള്ളം നിറച്ച്‌ ഇതില്‍നിന്ന്‌ കുറച്ച്‌ വെള്ളം ഊറ്റിക്കളഞ്ഞ്‌ വീണ്‍ണ്ടും വെള്ളം നിറയുന്നതും കവിഞ്ഞൊഴുകുന്നതും പരിചയക്കാരനായ ജയപ്രകാശും മോഹനനും റഹീമിന്‌ കാണിച്ചുകൊടുത്തു. ഇത്‌ പോലെ ഐശ്വര്യവും സമ്പത്തും വരുമെന്നായിരുന്നു ഇവരുടെ വാഗ്‌ദാനം. ഇത്‌ അദ്‌ഭുതമെന്ന്‌ തെറ്റിദ്ധരിച്ച്‌ റഹീം കുടുങ്ങി. റഹീമിന്റെ വിശ്വാസ്യത നേടിയെടുക്കാന്‍ ഇവര്‍ ഒരു പൈസ പോലും വാങ്ങാതെ ഭരണി റഹീമിന്റെ വീട്ടില്‍ കൊണ്‍ണ്ടുപോയി വെക്കുകയും ചെയ്‌തത്രേ. ഭരണി വീട്ടിലെത്തിയ അന്ന്‌ തന്നെ മൂന്ന്‌ ലക്ഷത്തിന്‌ അത്ഭുത ഭരണി വാങ്ങാന്‍ മറ്റൊരാളെത്തിയപ്പോള്‍ റഹീം അതും വിശ്വസിച്ചു. ഈ ആള്‍ ജയപ്രകാശും മോഹനനും പറഞ്ഞതനുസരിച്ച്‌ വന്നതാണെന്ന്‌ പിന്നീടാണ്‌ റഹീമിന്‌ മനസ്സിലായത്‌. പതിനായിരം രൂപ അഡ്വാന്‍സ്‌ നല്‍കിയാണ്‌ റഹീമിന്റെ വിശ്വാസ്യത അയാള്‍ നേടിയത്‌. ഇത്തരം ഭരണികള്‍ക്ക്‌ മാര്‍ക്കറ്റില്‍ കോടികളാണ്‌ വില മതിക്കുന്നതെന്ന്‌ ഇവര്‍ റഹീമിനെ പറഞ്ഞ്‌ വിശ്വസിപ്പിച്ചിരുന്നു. ലക്ഷങ്ങള്‍ വില കൊടുത്ത്‌ ഭരണി വാങ്ങാന്‍ തീരൂമാനിച്ച റഹീം ഉണ്‍ണ്ടായിരുന്ന സ്ഥലവും ഭാര്യയുടെ സ്വര്‍ണവും വിറ്റ്‌ പത്ത്‌ ലക്ഷം സംഘടിപ്പിച്ച്‌ ഇവര്‍ക്ക്‌ നല്‍കി. 2 ഭരണികളാണ്‌ റഹീം വാങ്ങിച്ചത്‌. നിറഞ്ഞുകവിയുന്ന വെള്ളത്തിനെയും നോക്കി സൗഭാഗ്യം സ്വപ്‌നം കണ്‍ണ്ട്‌ ഏറെ മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു ഭാഗ്യവും വന്നില്ല. തൃശൂരില്‍ ഇത്തരം ഭരണികള്‍ വില്‍ക്കുന്നയാളെ കണ്ടപ്പോള്‍ അതിന്‌ വില ആയിരമേ ഉള്ളൂവെന്നും മനസ്സിലായി. അന്വേഷണത്തില്‍ ഗുരുവായൂര്‍ സ്വദേശി മോഹനന്‍ ഇത്തരം ഭരണികള്‍ സ്ഥിരമായി വാങ്ങാറുണ്ടെണ്‍ന്ന്‌ കച്ചവടക്കാരന്‍ പറഞ്ഞു. ഇതോടെയാണ്‌ തട്ടിപ്പ്‌ റഹീമിന്‌ ബോധ്യപ്പെട്ടത്‌. നല്‍കിയ പണം റഹീം തിരികെ അവരോട്‌ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന്‌ പറഞ്ഞപ്പോള്‍ പോലീസിന്‌ പരാതിയും നല്‍കി. ഭരണി വാങ്ങിക്കാനെന്ന വ്യാജേന പോലീസ്‌ എത്തി ഇരുവരേയും പിടികൂടുകയും ചെയ്‌തു. ചോദ്യം ചെയ്യലില്‍ പ്രത്യേക തരം കെമിക്കല്‍ ഉപയോഗിച്ചാണ്‌ വെള്ളം ഓവര്‍ഫ്‌ളോ ചെയ്യുന്നത്‌ കാണിക്കാറുള്ളതെന്ന്‌ ഇവര്‍ സമ്മതിച്ചു. ഇവരില്‍നിന്നും ഇത്തരത്തിലുള്ള മുപ്പതോളം ഭരണികള്‍ പിടിച്ചെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ